വയനാട്ടില്‍ കുരങ്ങ് പനിയ്ക്ക സാധ്യത;ജാഗ്രത ശക്തമാക്കി

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡിനൊപ്പം കുരങ്ങ് പനിയുടെ സാധ്യത കൂടി കണക്കിലെടുത്ത് ജാഗ്രത ശക്തമാക്കി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിനിടെ കുരങ്ങുപനി കടി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ കുഴക്കിയിരുന്നു.കുരങ്ങുപനിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ക്ക് രോഗം പിടിപെടുകയും ഏതാനും പേര്‍ മരിക്കുകയും ചെയ്തു.

കുരങ്ങുപനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത് നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ്. ഈ സമയത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നു താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവജാഗ്രത പുലര്‍ത്തണം.

കുരങ്ങുകള്‍ ചത്തുകിടക്കുന്നിടത്ത് പോകരുതെന്നും ഉടന്‍ തന്നെ ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കി. ശരീരം പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് വേണം വനത്തില്‍ പോകാന്‍. ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും രോഗ ലക്ഷണം ഉണ്ടെങ്കില്‍ സ്വയം ചികിത്സ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കൂടുതല്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തിലാണ് ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍.