സ്ത്രീപീഡനക്കേസ്; അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീപീഡനക്കേസ് പരിഹരിക്കുന്നതിനായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. 2018 ഗാന്ധിജയന്തി ദിനത്തിലാണ് ഈ പദ്ധതി നിര്‍ദേശിച്ചത്. അന്ന് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

നിര്‍ദേശത്തില്‍, 389 പോക്‌സോ കോടതികളും 1023 അതിവേഗ കോടതികളും നിര്‍മ്മിക്കാനാണ്.എന്നാല്‍ ഇൗ നിര്‍ദേശത്തില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതുവരെ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിയുടെ ചെലവ് 1572 കോടിയാണ്.

ഇതില്‍ 971 കോടി കേന്ദ്രവും ബാക്കി 601 കോടി രൂപ സംസ്ഥാനങ്ങളും വഹിക്കണം. അതേസമയം, 367 പോക്‌സോ കോടതികള്‍ ഉള്‍പ്പെടെ 674 കോടതികള്‍ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഇതുവരെ 56,267 കേസുകള്‍ തീര്‍പ്പാക്കിയെന്നും കേന്ദ്രം വ്യക്തമാക്കി.