അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി സ്റ്റേ ചെയ്തു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവന്തപുരം കുടുംബ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. അനുപമയ്ക്ക് ഒപ്പം എന്ന് നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും സ്വീകരിച്ചത്. സര്‍ക്കാരും ശിശുക്ഷേമ സമിതിയും കുഞ്ഞിന്റെ ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ അധ്യാപക ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

അതേസമയം, കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണ് എന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

അതേസമയം, അനുപമ തന്നെയാണ് കുഞ്ഞിന്റെ അമ്മ എന്ന് വ്യക്തത വരുത്തേണ്ടതുണ്ടെങ്കില്‍ അതിന് ഡി.എന്‍.എ. പരിശോധന ആവശ്യമാണെന്നും ആവശ്യമെങ്കില്‍ നടത്തേണ്ടി വരുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. സര്‍ക്കാര്‍ അനുപമയ്ക്കു വേണ്ടി ഇടപെട്ടതോടെയാണ് കുഞ്ഞിന്റെ ദത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് അന്തിമ ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കുന്നത് മാറ്റി വെച്ചത്.