അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലുള്ള അധ്യാപക ദമ്പതികള്‍;കേസില്‍ അന്തിമവിധി ഇന്ന് പറയും

ഹൈദരാബാദ്: ആന്ധ്രയിലുള്ള അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തതെന്നാണ് വിവരം. സംസ്ഥാനത്തെ ശിശുക്ഷേമ സമിതി വഴി നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ദത്തെടുത്തത്. തങ്ങള്‍ക്കൊപ്പം കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ ഉണ്ടെന്നും ഒരു ചാനലിനോട് അവര്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ കുഞ്ഞിനെചൊല്ലി നടക്കുന്ന വിവാദങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നു. ഇതേതുടര്‍ന്ന് നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു.

ആന്ധ്ര ദമ്പതികള്‍ക്കു കുഞ്ഞിനെ താല്‍ക്കാലികമായി ദത്തു നല്‍കിയത് ഓഗസ്റ്റ് ഏഴിനാണ്.ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചിരുന്നു. കേസില്‍ ഇന്ന് വഞ്ചിയൂര്‍ കുടുംബക്കോടതി അന്തിമവിധി പറയും. കേരളസര്‍ക്കാര്‍ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം അറിയിച്ചു. ഇതു കൂടി പരിഗണിച്ചാകും കോടതിയുടെ വിധി.