ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് സമ്മാനിക്കും; നേരിട്ട് വാങ്ങാത്തവര്‍ക്ക് അവാര്‍ഡ് അയച്ച് നല്‍കില്ല

ന്യൂഡല്‍ഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് സമ്മാനിക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ഇത്തവണ പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് മികച്ച ചിത്രം. ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് തമിഴ് നടന്‍ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്പേയ് എന്നിവരാണ്. കങ്കണാ റണൗട്ടാണ് മികച്ച നടി.

സാധാരണ രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി
ഉപരാഷ്ട്രപതിയാണു അവാര്‍ഡ് സമ്മാനിക്കുന്നത്. ഇനിമുതല്‍ അവാര്‍ഡ് വാങ്ങാന്‍ എത്താത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു.നേരിട്ട് അവാര്‍ഡ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ഡല്‍ഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.

2018ല്‍ നല്‍കിയ 65ാമത് ദേശീശ ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി ജേതാക്കളില്‍ വലിയൊരു വിഭാഗം ഇതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഉപരാഷ്ട്രപതി അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത്.