ഇടുക്കി: മുല്ലപെരിയാര്‍ ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ച് ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കളക്ടര്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തിയത്. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടെന്ന് വണ്ടിപെരിയാറില്‍ നടന്ന ഉന്നതലയോഗത്തിന് ശേഷം കളക്ടര്‍ അറിയിച്ചു.
അതേസമയം, ഡാം തുറന്നാല്‍ സമീപവാസികളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ വ്യക്തമാക്കി. നിലവില്‍ 137.6 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും കളക്ടര്‍ അറിയിച്ചു.
ജലവിഭവ വകുപ്പ് ,ഡാമിലെ ജലനിരപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് വെളളം എടുക്കുന്നതിന്റെ അളവ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിരുന്നു. കേരളത്തില്‍ തുലാം വര്‍ഷം വരുന്നതോടെ ജലനിരപ്പ് ഇനിയും വേഗത്തില്‍ ഉയരാന്‍ സാധ്യത ഉണ്ട് അതിനാല്‍ സ്പില്‍വേ ഷട്ടര്‍ തുറന്ന് വെളളം ഒഴുക്കി വിടണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്.

