കോവിഡ് ധനസഹായം; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 5,000 രൂപ പ്രതിമാസം ലഭിക്കും

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവരുടെ കുടുംബാഗങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. 5,000 രൂപയാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം മൂന്നുവര്‍ഷത്തേക്ക് ധനസഹായമായി നല്‍കുന്നത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആശ്രിത കുടുംബങ്ങള്‍ക്ക് അതാത് വില്ലേജ് ഓഫിസില്‍ വെളളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ സമര്‍പ്പിക്കാം. ഇതേ അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സൗകര്യം റവന്യൂ വകുപ്പ് തയാറാക്കി വരുകയാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബിപിഎല്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാം.

ബിപിഎല്‍ കുടുംബത്തിലെ വരുമാനദായകനോ, ദായികയോ മരിച്ചാലാണ് സഹായം ലഭിക്കുക. അതേസമയം,ഏതെങ്കിലും പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വരുമാന പരിധി മരിച്ചയാളുടെ സഹായം ഒഴിവാക്കിയാകും നിശ്ചയിക്കുക.

ഇതോടൊപ്പം ആശ്രിതരുടെ കുടുംബത്തില്‍ നികുതി നല്‍കുന്നവരോ, സര്‍ക്കാര്‍ ജിവനക്കാരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് ശേഷമാകും ബിപിഎല്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുക. സംസ്ഥാനത്തിന് പുറത്ത് മരിച്ചയാളുടെ കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസം ആക്കിയതാണെങ്കില്‍ സഹായം ലഭിക്കും.

അപേക്ഷ തീര്‍പ്പാക്കുന്നതിന് ഓഫീസില്‍ വിളിച്ച് വരുത്തരുതെന്നും, ഒരു മാസത്തിനകം അപേക്ഷ തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ ഉണ്ട്. എന്നാല്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായം ലഭിക്കുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കും.