ന്യൂഡല്‍ഹി: സിപിഎം പിബി കണ്ണൂരില്‍ അടുത്ത വര്‍ഷം നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തൊക്കെ വിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചര്‍ച്ച ചെയ്തു. നവംബര്‍ 13, 14 തീയതികളിലായിട്ടാണ് പിബി നടക്കുക. യോഗത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം പിബിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളഘടകത്തില്‍ നിന്നുള്ള നേതാക്കള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കോണ്‍ഗ്രസ് ധാരണയെ ശക്തമായി എതിര്‍ത്തുവെന്ന മാധ്യമവാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ഏത് പിബി അംഗമായാലും പിബിയുടെ അനുമതിയോടെ മാത്രമേ സിസിയില്‍ സംസാരിക്കാറുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

