ലക്‌നൗ:അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി യുപിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി കോണ്‍ഗ്രസ്. 20 ലക്ഷം പേര്‍ക്ക് ജോലിയും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും എന്നതാണ് പ്രധാന വാഗ്ദാനം. കൂടാതെ കോവിഡ് സമയത്ത് വൈദ്യുതി സൗജന്യവും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രിയങ്ക ഗാന്ധി ‘പ്രതിജ്ഞ യാത്ര’യ്ക്ക് തുടക്കമിട്ടു. ബാരബങ്കിബുന്ദേല്‍ഖണ്ഡ്, സഹരന്‍പൂര്‍മഥുര, വാരണസിറായ് ബറേലി എന്നിങ്ങനെ മൂന്ന് യാത്രകള്‍ക്കാണ് കോണ്‍ഗ്‌സ് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍:
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്‌ഫോണും കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടറും നല്‍കും. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും. യുപിയിലെ ഗോതമ്പിന്റെയും നെല്ലിന്റെയും വില 2500 രൂപയാക്കും.ക്വിന്റലിന് 400 രൂപയാക്കും കരിമ്പിന്റെ താങ്ങുവില.കോവിഡ് സമയത്ത് സൗജന്യ വൈദ്യുതി നടപ്പിലാക്കും. എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും. 25,000 രൂപ ധനസഹായമായി കോവിഡ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് നല്‍കും.
സര്‍ക്കാര്‍ ജോലി 20 ലക്ഷം പേര്‍ക്ക് നല്‍കും. കരാര്‍ തൊഴിലാളികളെ ക്രമപ്പെടുത്തും. 40 ശതമാനം സീറ്റുകളില്‍ യുപി തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ മത്സരിപ്പിക്കുമെന്നും സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടനപത്രിക വരും ആഴ്ചകളില്‍ പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.

