പെണ്‍കുട്ടിയെ പീഡിപ്പിച്ചത് തിരുമ്മല്‍ കേന്ദ്രത്തിലും വാടക വീട്ടിലും ;മൊഴിയെടുപ്പ് പൂര്‍ത്തിയായി

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് മോന്‍സന്‍ താമസിച്ച വീടുകളില്‍ നിന്ന് തെളിവുകളും ശേഖരിച്ചു. മോന്‍സനെ കൂടാതെ കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാവും. ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത് രണ്ടു ദിവസമെടുത്താണ്.

മോന്‍സന്റെയും സഹായികളുടെയും കള്ളക്കളികള്‍ എല്ലാം പെണ്‍കുട്ടി അന്വേഷണസംഘത്തിനു മുന്നില്‍ വിശദീകരിച്ചു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തിലും മോന്‍സന്‍ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ്. അതേസമയം,അന്വേഷണസംഘം ഈ സ്ഥലങ്ങളില്‍ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും ശേഖരിച്ചു.

തിങ്കളാഴ്ചയോടെ ഈ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഉടന്‍ തന്നെ മോന്‍സനെ കസ്റ്റഡിയിലും വാങ്ങും. പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച്
മോന്‍സന്റെ ജീവനക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടാകും. നിലവില്‍ മോന്‍സന്‍ ഡിആര്‍ഡിഒയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്.