തിരുവനന്തപുരം: കേന്ദ്ര വാണിജ്യ വ്യവസായ ഉപഭോക്തൃ കാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50000 ടൺ) അടിയന്തിരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിലോയ്ക്ക് 20 രൂപ എന്ന കൺസഷൻ നിരക്കിൽ ഇത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർദ്ധിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി എച് എച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എൻ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന ആവശ്യം കൂടിക്കാഴ്ച്ചയിൽ അദ്ദേഹം മുന്നോട്ട് വെച്ചു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി
ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നതായും അദ്ദേഹം അറിയിച്ചു. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്‌ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഗെയിൽ പൈപ്പ് ലൈൻ സാദ്ധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി – മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

