തിരുവനന്തപുരം: സ്വന്തം കുഞ്ഞിനു വേണ്ടി സമരത്തിന് ഇറങ്ങിയ
അനുപമയോടൊപ്പമാണ് പാര്‍ട്ടിയെന്ന് സി പി എം പാര്‍ട്ടി അക്ടിംഗ് ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി ഒരു തെറ്റിനെയും പിന്താങ്ങില്ല. അനുപമയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് ജില്ലാ കമ്മിറ്റി നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ വിഷയം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇത്ര വഷളാകില്ലായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.ഈ വിഷയം പാര്‍ട്ടിയുടെ പരിധിയില്‍ വരുന്നതല്ല. മറിച്ച് നിയമപരമായി പരിഹാരം കാണേണ്ട ഒന്നാണ്. അതുകൊണ്ടാണ് വിഷയത്തില്‍ മന്ത്രി ഇടപ്പെട്ടതും അമ്മയ്ക്ക് നിയമപരമായി ചെയ്യേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് വിജയരാഘവന്‍ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ നടപടിയെടുക്കുമെന്നും, സംഭവത്തില്‍ ക്രമക്കേട് കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് വേണ്ടി അനുപമ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം. കോടതിയില്‍ ശിശുക്ഷേമ സമിതി കുഞ്ഞിന്റെ കാര്യത്തില്‍ തെറ്റായ വിവരം നല്‍കിയെന്നാണ് സൂചന. കുഞ്ഞിനെ ദത്ത് നല്‍കിയ രക്ഷിതാക്കളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കാണിച്ച് ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറിയാണ് കുടുംബകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

