ചെന്നൈ: കോവിഡ് വാക്സിന് തമിഴ് നടന്‍ വിവേകിന്റെ മരണവുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. വിവേകിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകളായിരുന്നു ഉയര്‍ന്ന് വന്നത്. ഇതോടെ ദുരൂഹതകള്‍ക്ക് വിരാമമായി. നടന്‍ വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ട് പിന്നാലെ മരണകാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അദേഹത്തിന്റെ മരണ കാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായി. വാക്സിനുമായി നടന്റെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വാക്സിനുകള്‍ സുരക്ഷിതമാണെന്നും, വാക്സിനെടുക്കുന്നതില്‍ ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2021 ഏപ്രില്‍ 20നാണ് വിവേക് മരണപെടുന്നത്.

