ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷൻ യജ്ഞത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനെ അന്താരാഷ്ട്ര അടിയന്തര ഉപയോഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിനേഷൻ യജ്ഞത്തെയും പ്രശംസിച്ചത്. കോവാക്‌സിനെ എത്രയും വേഗം അടിയന്തര ഉപയോഗ പട്ടികയിലുൾപ്പെടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
കോവാക്‌സിന്റെ അന്താരാഷ്ട്ര അംഗീകാരം സംന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഈ മാസം 26 ന് കമ്പനിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. സെപ്തംബർ 27 ന് തങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഭാരത് ബയോടെക് കൂടുതൽ വിവരങ്ങൾ റോളിങ് അടിസ്ഥാനത്തിൽ സമർപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നിലവിലെ വാക്‌സിനേഷൻ യജ്ഞത്തെക്കുറിച്ചും ഒരു ആഗോള പകർച്ചവ്യാധി ഉടമ്പടി (ഗ്ലോബൽ പാൻഡെമിക് എഗ്രിമെന്റ്) യുടെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയെന്ന് ടെഡ്രോസ് അദാനോം വ്യക്തമാക്കി. പുതിയ കാലത്തെ ഡിജിറ്റൽ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ആഗോള വാക്‌സിൻ വിഹിതം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ധനസഹായത്തിലൂടെ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

