ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ട്; ആര്യന്‍ ഖാന്റെ ജാമ്യം തള്ളി മുംബൈ കോടതി

മുംബൈ: ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം എട്ടിന് എന്‍ സി ബി ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടുന്ന സംഘം അറസ്റ്റിലാകുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഇതിന് മുമ്പും മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമയ്ാപേക്ഷ തള്ളിയിരുന്നു. വാദം രണ്ട് ദിവസം നീണ്ടു നിന്നിരുന്നു.

സംഭവസമയത്ത് ലഹരിമരുന്ന് ആര്യന്‍ നേരിട്ട് ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ആര്യന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും സ്ഥിരമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതിന് പുറമെ അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി താരപുത്രന് ബന്ധമുണ്ടെന്നും ഈ കേസുമായി ബന്ധപ്പെട്ട് ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.