ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കഴിഞ്ഞ ആഴ്ച തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതൃത്വം പട്ടിക സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെ സോണിയ ഗാന്ധിയ്ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡില്‍ നിന്നും ഇന്നു ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നും ഉടന്‍ തന്നെ പട്ടിക കൈമാറുമെന്നും അദ്ദേഹം വ്യക്തകമാക്കി. സാമുദായിക സന്തുലനവും ദളിത്, വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയായിരിക്കും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ് കെപിസിസി നേതൃത്വം താരിഖ് അന്‍വറിന് പട്ടിക കൈമാറിയത്. ഇതില്‍ ആവശ്യമായ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും താരിഖ് അന്‍വര്‍ ഇത് സോണിയ ഗാന്ധിയ്ക്ക് കൈമാറുക. സോണിയ ഗാന്ധി അനുമതി നല്‍കിയാല്‍ അന്തിമ പട്ടിക ഉടന്‍ തന്നെ പുറത്തിറങ്ങും.
അതേസമയം, പുതുതായി പ്രഖ്യാപിക്കുന്ന കെപിസിസി പട്ടികയുടെ ആയുസ് മാസങ്ങള്‍ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെങ്കിലും പട്ടിക പുറത്തിറക്കുമെന്നു തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്കുള്ള സംസ്ഥാന ഭാരവാഹി പട്ടികയും അടുത്തിടെയാണ് പുറത്തിറക്കിയത്. പുനഃസംഘടനാ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പട്ടിക പുറത്തിറക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

