പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും; മുന്നറിയിപ്പ് നൽകി അധികൃതർ

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മണിമല, പമ്പ എന്നീ നദികളിൽ കുത്തൊഴുക്ക് വർദ്ധിച്ചതോടെ പമ്പിങ് നിർത്തിവെച്ചതോടെയാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.

തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂർ, കുന്നന്താനം, കുറ്റൂർ, തിരുവൻവണ്ടൂർ, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുട്ടനാട് എന്നീ പ്രദേശങ്ങളിലേയും കുടിവെള്ള വിതരണത്തിന് തടസം നേരിടുമെന്നാണ് തിരുവല്ല പി.എച്ച് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മഴ ശക്തി പ്രാപിച്ചതോടെ ജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നദികളിലെ കലങ്ങിയ വെള്ളം മൂലം പമ്പിങ് സംവിധാനവും തകരാറിലായിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.