ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാധ്യത; 26 ന് യോഗം ചേരും

vaccine

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. വാക്‌സിന് അംഗീകാരം നൽകുന്നത് ചർച്ച ചെയ്യാനായി ഈ മാസം 26 ന് യോഗം ചേരും. ഡബ്ല്യൂഎച്ച്ഒയുടെ ആവശ്യപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പാനലിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ.

കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമായിരിക്കും കൊവാക്‌സിന് അനുമതി നൽകുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റയിൽ കൊവാക്സിന്റെ ഫലപ്രാപ്തി 77.8 ശതമാനമാണ്. സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട് ഇമ്മ്യുണൈസേഷൻ’ അംഗീകരിക്കുന്ന വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്സിനെ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആറു പ്രതിരോധ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഫൈസർ ബയോ എൻ ടെക്, ജോൺസൺ ആന്റ് ജോൺസൺ, ഓക്സ്ഫോർഡ് അസ്ട്രസെനക വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, മൊഡേണ ജബ്, സിനോഫാം സിനോവാക് വാക്സിൻ തുടങ്ങിയവയ്ക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്.