രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ല; ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ രാജൻ. ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ എന്തെങ്കിലും പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിലും വിന്യസിച്ചു. ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഡിഫെൻസ് സ്സെക്യൂരിറ്റി കോർപ്‌സിന്റെ ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.