പ്രളയക്കെടുതി; കോട്ടയം ജില്ലയ്ക്ക് അടിയന്തര ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയം ജില്ലയ്ക്ക് അടിയന്തര ധനസഹായം അനുവദിച്ചു. എട്ടു കോടി അറുപത് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് അനുവദിച്ചത്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്.

കോട്ടയം, മീനച്ചൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മൂന്നു താലൂക്കുകളിൽ നിന്നും 1706 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ ഉണ്ടായ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞുങ്ങളടക്കം പതിനാറ് പേരാണ് മരിച്ചത്.

അതേസമയം കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസ്, ഫയർ ഫോഴ്‌സ് എന്നിവയ്ക്കു പുറമെ ഒരു കരസേന, എയർലിഫ്റ്റിംഗ് ടിം പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.