മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ എൻസിബി റെയ്ഡ്; ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ എൻസിബി റെയ്ഡ്. പാൽഘർ ജില്ലയിൽ രണ്ടിടത്തായി നടന്ന പരിശോധനകളിൽ നിന്നും ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാകുകയും ചെയ്തുവെന്ന് എൻസിബി അറിയിച്ചു.

തെക്കൻ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്ന യുവാവാണ് പിടിയിലായത്. 205 ഗ്രാം മെഫഡ്രോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 300 ഗ്രാം മെഫഡ്രോണും പിടിച്ചെടുത്തു. നൈജീരിയൻ പൗരൻ മുഖേനയാണ് മുഹമ്മദ് അജാസിന്റെ പക്കൽ ലഹരി മരുന്ന് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുംബൈയിലെ ഇടപാടുകാരന് മയക്കുമരുന്നെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വാസായ് ഈസ്റ്റ് ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായതെന്ന് എൻസിബി വ്യക്തമാക്കി.