കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ്; സുധാകരനെതിരെ ഗ്രൂപ്പുകള്‍ കൈകോര്‍ത്തേക്കും, പുതിയ പോര്‍മുഖം തുറന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് തീരുമാനിച്ചതോടെ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നു. നിലവിലെ കെപിസിസി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് അനഭിമതരായതിനാല്‍ പിസിസി പിടിച്ചെടുക്കാനുള്ള അവസരമായിട്ടായിരിക്കും ഗ്രൂപ്പുകള്‍ സംഘടനാ തെരഞ്ഞെടുപ്പിനെ കാണുക. സംസ്ഥാനങ്ങളില്‍ ബൂത്തുതലം മുതല്‍ പിസിസി വരെ തിരഞ്ഞെടുപ്പ് നടത്താന്‍ എഐസിസി തീരുമാനിച്ചുകഴിഞ്ഞു.

2017ലെ കണക്കുപ്രകാരം രാജ്യത്തുടനീളം 8,86,358 ബൂത്ത് കമ്മിറ്റികളാണു കോണ്‍ഗ്രസിലുള്ളത്. ഇതിലേക്കുള്ള ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. ആകെയുള്ള ബ്ലോക്ക് കമ്മിറ്റികള്‍ 9531. ജില്ലാ (ഡിസിസി)/ സിറ്റി കമ്മിറ്റികള്‍ 931. ആകെയുള്ള പിസിസി അംഗങ്ങള്‍ 12,441. എഐസിസി അംഗങ്ങള്‍ 2430. കേരളത്തില്‍ നിന്ന് 65 എഐസിസി അംഗങ്ങളാണുള്ളത്. എംപിമാര്‍ എഐസിസി അംഗങ്ങളാണെന്നതിനാല്‍, രാഹുല്‍ ഗാന്ധിയെ കേരളത്തില്‍നിന്നുള്ള എഐസിസി അംഗമായി പരിഗണിക്കും. രാഹുല്‍ വീണ്ടും പ്രസിഡന്റായാല്‍, കേരളത്തില്‍ നിന്നുള്ള എഐസിസി അംഗം ആ പദവിയിലെത്തുമെന്ന പ്രത്യേകതയുമുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പു നടത്തിപ്പിനായി സംസ്ഥാനതലങ്ങളില്‍ വൈകാതെ കമ്മിറ്റികള്‍ക്കു രൂപം നല്‍കും. പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം 24 അംഗ പ്രവര്‍ത്തക സമിതിയെ തീരുമാനിക്കാന്‍ അടുത്ത സെപ്റ്റംബര്‍ അവസാനമോ ഒക്ടോബറിലോ പ്ലീനറി സമ്മേളനം ചേരും. സമിതിയില്‍ 12 അംഗങ്ങളെ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യും. ബാക്കിയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.