ചൈനയുടെ നിയന്ത്രണങ്ങള്‍ അതിരുവിടുന്നു; ലിങ്ക്ഡ് ഇന്‍ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് !

ന്യൂയോര്‍ക്ക്: വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യം വിടുന്നെന്ന് തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്ക് ലിങ്ക്ഡ് ഇന്‍. ചൈനയില്‍ തങ്ങളുടെ ലിങ്ക്ഡ് ഇന്‍ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്നും കമ്പനി പറയുന്നു. ലിങ്ക്ഡ് ഇന്നിനു പകരം ജോലിയ്ക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേകം ആപ്ലിക്കേഷന്‍ ചൈനയില്‍ അവതരിപ്പിക്കും. എന്നാല്‍ ലിങ്ക്ഡ് ഇന്നില്‍ ഉണ്ടായിരുന്നത് പോലെ നെറ്റ് വര്‍ക്ക് ഫീച്ചറുകള്‍ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹക് ഷ്റോഫ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയില്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു ദശാബ്ദക്കാലമായി ഫെയ്സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനമുണ്ട്. സൈബര്‍ ആക്രമണങ്ങളും സെന്‍സര്‍ഷിപ്പും രൂക്ഷമായതോടെ 2010ല്‍ ഗൂഗിളും ചൈന വിട്ടിരുന്നു.