ഇന്നു രാത്രി മുതല്‍ മഴ കനക്കും; ശക്തമായ കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ധം,

mazha

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു രാത്രി മുതല്‍ മഴ കനക്കാന്‍ സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ തെക്കേ ഇന്ത്യയിലാകെ മഴയ്ക്ക് ഇടയാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.

അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച യെലോ അലര്‍ട്ടുണ്ട്.

സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.