കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി, കെപിസിസി ഭാരവാഹി പട്ടിക കൈമാറാതെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക കൈമാറാതെ പ്രസിഡന്റ് കെ സുധാകരന്‍. പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ പട്ടികയ്ക്ക് എതിരെ പരാതിയുമായി മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വിഎം സുധീരനും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പിന്മാറ്റം.

അതേസമയം, പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പട്ടികയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും വിഎം സുധീരനും പറയുന്നത്.

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമര്‍ശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ നേതൃത്വം പൂര്‍ത്തിയാക്കിയതെന്ന് ഇതുവരെ ആശ്വസിച്ചിരുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാവുകയാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും എതിര്‍പ്പ്. ഡിസിസി പട്ടികയിലെ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചര്‍ച്ചകളെന്നാണ് വ്യക്തമാകുന്നത്.

ശിവദാസന്‍ നായര്‍, വി എസ് ശിവകുമാര്‍ കുമാര്‍, വി പി സജീന്ദ്രന്‍, വിടി ബല്‍റാം, ശബരീനാഥന്‍ തുടങ്ങിയവര്‍ ഭാരവാഹികളാകും. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. എറണാകുളത്ത് നിന്നുള്ള ജമാല്‍ മണക്കാടന്റെ പേര് ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്.