കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മലയാളി ഉള്‍പ്പടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. പഞ്ചാബില്‍ നിന്നുള്ള മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറാണ്. സുരങ്കോട്ട് മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികളും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങളായി കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഇംതിയാസ് അഹമ്മദ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.