ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍

ദുബായ്: ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ തകര്‍പ്പന്‍ വിജയച്ചോടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിനാണ് തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയം നേടുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ധോനി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 172.

ചെന്നെയുടെ ഒന്‍പതാം ഐപിഎല്‍ പ്രവേശനമാണിത്. ചെന്നൈ 19.4 ഓവറില്‍ ആറിന് 173. തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സര വിജയിയെ നേരിടും.

അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകന്‍ എം.എസ്.ധോനിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈയുടെ വിജയം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. ഡുപ്ലെസ്സിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദിന് കൂട്ടായി റോബിന്‍ ഉത്തപ്പ എത്തിയതോടെ ചെന്നൈയുടെ സ്‌കോറിങ്ങിന് ജീവന്‍ വെച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലായി.

സ്‌കോര്‍ 113-ല്‍ നില്‍ക്കേ ഉത്തപ്പയെ മികച്ച ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ പുറത്താക്കി. 44 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്സുമുള്‍പ്പടെ 63 റണ്‍സാണ് ഉത്തപ്പയെടുത്തത്. ഋതുരാജിനൊപ്പം 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്. ഉത്തപ്പ പുറത്തായതിന് പിന്നാലെ ഋതുരാജ് അര്‍ധസെഞ്ചുറിനേടി. 37 പന്തുകളില്‍ നിന്നായിരുന്നു 50 തികച്ചത്. പിന്നാലെ വന്ന ശാര്‍ദുല്‍ ഠാക്കൂര്‍,അമ്ബാട്ടി റായുഡുവും നിരാശപ്പെടുത്തി. എന്നാല്‍ മോയിന്‍ അലി എത്തിയതോടെ സ്‌കോര്‍ബോര്‍ഡ് വീണ്ടും ചലിക്കാന്‍ തുടങ്ങി. 19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഋതുരാജ് പുറത്തായത് ചെന്നൈയ്ക്ക് സമ്മര്‍ദ്ദമായി. പിന്നാലെ വന്ന ധോനി കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ചെന്നൈ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.