ജനാധിപത്യത്തിന് ഭീഷണിയാണ് ഫേസ്ബുക്കെന്ന് സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സ

സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സ. ജനാധിപത്യത്തിന് ഭീഷണിയാണ് ഫേസ്ബുക്കെന്ന് മരിയ റെസ്സ ചൂണ്ടിക്കാട്ടി.

വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും വ്യാപനത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ പരാജയപ്പെടുന്നു, കൂടാതെ വസ്തുതകള്‍ക്കെതിരെ പക്ഷപാതപരമായ സമീപനമാണ് ഫേസ്ബുക്കിനെന്നും അവര്‍ റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മാത്രമല്ല, ഫേസ്ബുക്കിന്റെ അല്‍ഗോരിതങ്ങള്‍ വസ്തുതകള്‍ക്ക് പകരം ദേഷ്യവും വെറുപ്പും നിറഞ്ഞ നുണകളുടെ പ്രചരണത്തിന് മുന്‍ഗണന നല്‍കുന്നതായും മരിയ റെസ്സ ആരോപിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയ മാധ്യമപ്രവര്‍ത്തകയാണ് സമാധാന നൊബേല്‍ പങ്കിട്ട മരിയ റെസ്സ. റാപ്ലര്‍ എന്ന വെബ്‌സൈറ്റിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററാണ് ഇവര്‍.

നേരത്തെ, ഫേസ്ബുക്കിനെതിരെ മുന്‍ ജീവനക്കാരിയും ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. വ്യാജ വിവരങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും തടയുന്നതിനേക്കാള്‍ പണമുണ്ടാക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നായിരുന്നു മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗന്‍ ആരോപിച്ചത്.