വിവാദങ്ങളില്‍ തളരാതെ സര്‍ക്കാരിന്റെ ജനകീയ ഹോട്ടല്‍; പൊതിച്ചോറുകള്‍ക്ക് വന്‍ ഡിമാന്റ്

കൊച്ചി: വിവാദ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ പൊതിച്ചോറുകള്‍ക്ക് ജനകീയ ഹോട്ടലില്‍ ആവശ്യക്കാര്‍ ഏറിയെന്ന് റിപ്പോര്‍ട്ട്. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ജനകീയ ഹോട്ടലിലെ ഭക്ഷണം കഴിച്ച അനുഭവങ്ങള്‍ പങ്കുവെച്ചും നിരവധിയാളുകള്‍ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയും വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നിദിവസങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ നിന്ന് ഉച്ചഭക്ഷണം വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച 1,74,348 പേര്‍ക്കായിരുന്നു ഭക്ഷണം നല്‍കിയത്. ബുധനാഴ്ച 1,79,681, വ്യാഴാഴ്ച 1,80,032 എന്നിങ്ങനെയാണ് ഇത് ഉയര്‍ന്നത്. പ്രതിദിന കണക്കില്‍ കൂടുതല്‍ പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് കോഴിക്കോട് ജില്ലയിലാണ് രണ്ടാമത് തിരുവനന്തപുരവും, മൂന്നാമത് മലപ്പുറമാണെന്നും കണക്കുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പറയുന്നു.

‘വിശപ്പുരഹിത കേരളം’ എന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തയോട് പ്രതികരിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പിന്നീട് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 1007 ജനകീയ ഹോട്ടലുകളായിരുന്നു ആരംഭിച്ചത്. ഇന്നത് 1095 ഹോട്ടലുകളില്‍ ആയി ഉയര്‍ന്നു. ഹോട്ടലുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു മുന്‍പുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളില്‍ നിന്നും ആഹാരം കഴിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഭക്ഷണം പാര്‍സല്‍ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായി ഹോട്ടലുകളിലൂടെ ഭക്ഷണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.