റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പള തുക ബോണസ്; പ്രയോജനം കിട്ടുക 11.56 ലക്ഷം പേര്‍ക്ക്

ന്യുദല്‍ഹി: ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും 78 ദിവസത്തെ ശമ്പള ബോണസ് തുക ലഭിക്കും. 11.56 ലക്ഷം ഗസറ്റഡഡ് ഉദ്യോഗസ്ഥരല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

2020-21 സാമ്പത്തികവര്‍ഷത്തേയ്ക്ക് ഉല്‍പ്പാദ ബന്ധിത ബോണസായി (പി.എല്‍.ബി) നല്‍കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകരിച്ചു.

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍. ബി. നല്‍കുന്നതിനുള്ള സാമ്പത്തിക ചിലവ് ഏകദേശം 1914.73 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്. യോഗ്യതയുള്ള നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് പി.എല്‍.ബി നല്‍കുന്നതിന് കണക്കുകൂട്ടിയിട്ടുള്ള വേതന പരിധി പ്രതിമാസം 7000/ രൂപയായണ് നിശ്ചയിച്ചിട്ടുള്ളത്. യോഗ്യതയുള്ള ഒരു റെയില്‍വേ ജീവനക്കാരന് 78 ദിവസത്തേക്ക് നല്‍കാവുന്ന പരമാവധി തുക രൂപ. 17,951രൂപയായിരിക്കും.

എല്ലാ വര്‍ഷവും ദസറ/ പൂജ അവധിക്ക് മുമ്പണ് യോഗ്യതയുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് പി.എല്‍.ബി നല്‍കുന്നതിനുള്ള തീരുമാനം എടുക്കാറുളളത്. 2010-11 മുതല്‍ 2019-20 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ 78 ദിവസത്തെ വേതനമാണ് പി.എല്‍.ബി തുകയായി നല്‍കിയിട്ടുള്ളത്.

റെയില്‍വേയിലെ ഉല്‍പാദനക്ഷമത ബന്ധിത ബോണസ്, രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത എല്ല റെയില്‍വേ ജീവനക്കാരെയും, ആര്‍.പി.എഫ് (റെയില്‍വേ പ്രൊട്ടക്ഷണ്‍ ഫോഴ്‌സ്), ആര്‍.പി.എസ്.എഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥര്‍ ഒഴികെ ഉള്‍ക്കൊള്ളും.