ഫേസ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായപ്പോള്‍ ടെലഗ്രാമിലെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കള്‍. ഫേസ്ബുക്കിന്റെ തകരാറ് ടെലഗ്രാം നേട്ടമാക്കി മാറ്റിയെന്നാണ് സി.ഇ.ഒ പാവേല്‍ ദുരോവ് അവകാശപ്പെടുന്നത്.
ടെലഗ്രാം 1 ബില്യണിലധികം ഡൗണ്‍ലോഡുകള്‍ നേടുകയും 500 ദശലക്ഷം സജീവ ഉപയോക്താക്കളെ കൂടെക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായപ്പോള്‍ മറ്റൊരു മെസേജിങ് ആപ്പായ സിഗ്‌നലും ഉപയോക്താക്കളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഒരേ സമയം ടെലഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യാന്‍ തിരക്കുകൂട്ടുന്നതിനാല്‍ അമേരിക്കയിലെ ചില ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടുവെന്ന് പാവേല്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഫേസ്ബുക്കും അതിന് കീഴിലുള്ള വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്. ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായത്. സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും പണിമുടക്കിയതാണെന്ന് വ്യക്തമായത്. ഇതിലൂടെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

