ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ മാത്രമായി രാജ്യത്ത് വാട്ട്സ്ആപ്പ് നിരോധിച്ചത് 20.7 ലക്ഷം അക്കൗണ്ടുകള്‍. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ കംപ്ലൈന്റ് റിപ്പോര്‍ട്ടിലാണ് 31 ദിവസത്തിനിടെ രണ്ട് ദശലക്ഷം അക്കൗണ്ടുകള്‍ വിലക്കിയ കാര്യം വാട്സ്ആപ്പ് ചൂണ്ടിക്കാട്ടിയത്.
ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചത്, പരാതി ചാനലുകളിലൂടെ (ഗ്രീവന്‍സ് ചാനല്‍) ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകള്‍ക്കെതിരെ വാട്ട്സ്ആപ്പ് നടപടി സ്വീകരിച്ചത്.
അതേസമയം, 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസ്സേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് പറയുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാനായി ആഗോളതലത്തില്‍ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷത്തോളമാണെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കി.
രജിസ്ട്രേഷന് സമയത്തും, സന്ദേശങ്ങളയക്കുമ്പോഴും, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോര്‍ട്ടുകളും ബ്ലോക്കുകളും, എന്നിങ്ങനെ ഒരു അക്കൗണ്ടിന്റെ ദുരുപയോഗം വാട്ട്സ്ആപ്പ് കണ്ടെത്തുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്. സന്ദേശങ്ങള്‍ അയക്കുന്നതിന്റേയും ഒരു സന്ദേശം തന്നെ നിരവധി പേര്‍ക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോര്‍ഡ് വാട്ട്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.
പ്രധാനമായും യൂസര്‍മാര്‍ അവരുടെ അക്കൗണ്ടുകള്‍ ബിസിനസ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക എന്നതാണ് വാട്ട്സ്ആപ്പില്‍ നിന്നും വിലക്ക് നേരിടാതിരിക്കാനായി ശ്രദ്ധിക്കേണ്ടത്. ബള്‍ക്ക് മെസ്സേജുകള്‍ അയക്കാതിരിക്കുക. വാട്ട്സ്ആപ്പ് കോണ്ടാക്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന തരം വാട്ട്സ്ആപ്പിന്റെ പേരിലുള്ള കൂടുതല്‍ ഫീച്ചറുകള്‍ നല്കുന്ന ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

