ചെലവാകാതിരുന്ന സാധനങ്ങള്‍ സ്‌കൂള്‍ കുട്ടികളുടെ കിറ്റിലാക്കാന്‍ പദ്ധതിയിട്ട് സപ്ലൈകോ; കയ്യോടെ പിടിച്ച് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു വരുന്ന ഭക്ഷ്യക്കിറ്റില്‍ ചെലവാകാതെ കിടന്ന സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സപ്ലൈകോ നടത്തിയ ശ്രമം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച സാധനങ്ങള്‍ മാറ്റി പകരം തങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിതരണംചെയ്യാനായിരുന്നു സപ്ലൈകോയുടെ നീക്കമെന്ന് ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ഗുണ നിലവാരമില്ലാത്തതിന്റെ പേരില്‍ തിരിച്ചെടുത്ത ഏലയ്ക്കയുള്‍പ്പടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രീ-പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്ക് ചെറുപയര്‍, തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ്, വറുത്ത റവ, റാഗിപ്പൊടി, വെളിച്ചെണ്ണ, കടല മിഠായി എന്നിവ വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലൈകോയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷ്യ സാധനങ്ങള്‍ നല്‍കാനായിരുന്നു ഇത്. എന്നാല്‍ വിതരണം ത്വരിതപ്പെടുത്താനെന്ന പേരില്‍ ഇവയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സപ്ലൈകോ സി.എം.ഡി. കഴിഞ്ഞ പത്തിനു നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. റവ, റാഗിപ്പൊടി എന്നിവയ്ക്കു പകരം നുറുക്ക് ഗോതമ്പ്, ആട്ട എന്നിവയും അപ്പര്‍ പ്രൈമറി വിഭാഗത്തിന് ഒരു കിലോ ഉഴുന്നു പരിപ്പിനു പകരം അരക്കിലോ ഉഴുന്നു പരിപ്പും, 50 ഗ്രാം കശുവണ്ടി, 250 ഗ്രാം തേയില, 20 ഗ്രാം ഏലയ്ക്ക എന്നിവയില്‍ ഏതെങ്കിലും ഒന്നും ഒരു കിലോ ചെറുപയറിനു പകരം അരക്കിലോ ചെറുപയറും 750 ഗ്രാം കടലയും ഉള്‍പ്പെടുത്താനായിരുന്നു ശിപാര്‍ശ. എന്നാല്‍ ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് തള്ളി.

ചില ഡിപ്പോകളില്‍ സണ്‍ഫ്ളവര്‍ ഓയിലിന്റെയും ശര്‍ക്കരവരട്ടി/ഉപ്പേരിയുടെയും സ്റ്റോക്ക് നീക്കിയിരിപ്പുള്ളതിനാല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനുള്ള കിറ്റില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് പകരം ഒരു ലിറ്റര്‍ വെളിച്ചെണ്ണയും ഒരു ലിറ്റര്‍ സണ്‍ഫ്ളവര്‍ എണ്ണയും കപ്പലണ്ടി/കടല മിഠായിക്ക് പകരം ശര്‍ക്കരവരട്ടി/ഉപ്പേരിയും ഉള്‍പ്പെടുത്താന്‍ മേഖലാ മനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും സെപ്റ്റംബര്‍ ഒന്നിന് സപ്ലൈകോ സി.എം.ഡി. രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോ അറിവോ കൂടാതെയായിരുന്നു ഇത്.

ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയായതിനാലും കിറ്റിന്റെ ചെലവ് വഹിക്കുന്നത് വകുപ്പ് ആയതിനാലും ആവശ്യപ്പെട്ട സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് സ്‌കൂളുകളില്‍ എത്തിച്ചു തരികമാത്രമാണ് സപ്ലൈകോയുടെ ചുമതലയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചതോടെയാണ് വന്‍ അഴിമതിക്ക് ഇടയാക്കിയേക്കാവുന്ന നടപടിയില്‍നിന്നും സപ്ലൈകോ പിന്‍മാറിയത്.