നിയമങ്ങള്‍ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്, പിന്നെയെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കിയ ശേഷം നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. പിന്നെയെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശം പരമമാണോയെന്നതില്‍ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്? കര്‍ഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആര്‍ക്കും നിര്‍ണയിക്കാനാവില്ല, കോടതിയില്‍ കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തിനാണ് അവര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ കിസാന്‍ പഞ്ചായത്ത് നടത്താന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഡല്‍ഹിയില്‍ റോഡുകള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് 43 കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസയച്ചു. കര്‍ഷക സംഘടനകളെ കക്ഷി ചേര്‍ക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം ഇരുപതിന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ സംഘടിപ്പിക്കുന്നതിന് ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.

നിങ്ങള്‍ മുഴുവന്‍ നഗരത്തെയും ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്ടരാണോ? നിങ്ങള്‍ ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കോടതി അറിയിച്ചു. കര്‍ഷകര്‍ ഹൈവേകള്‍ തടസപ്പെടുത്തുകയാണെന്നും എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ടെന്നും അവരുടെ വസ്തുക്കള്‍ക്ക് കേടുപാടുവരുന്നുണ്ടെന്നും കര്‍ഷകര്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.