വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ 4.30ഓടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും വിടപറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും സാരമായി പരിക്കേറ്റിരുന്നു.
വിവാഹിതരായി 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ പിറന്നത്. മകള്‍ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
എന്നാല്‍, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജുനും, അല്ല അര്‍ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കിയതോടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി. ശാസ്ത്രീയ പരിശോധനക്കൊടുവില്‍ അര്‍ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി.
അര്‍ജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചെങ്കിലും അപകടമരണം തന്നെയാണെന്ന കണ്ടെത്തലിലാണ് അവരും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ നല്‍കുകയും ചെയ്തു.
കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്‌കര്‍. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആല്‍ബങ്ങളാണ്.
ഫ്യൂഷന്‍ മ്യൂസിക് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്‌കറാണ്. നിരവധി പ്രശസ്തര്‍ക്കൊപ്പം ഫ്യൂഷന്‍ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്‌കറിന് ലഭിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ ആയിരുന്നു ബാലഭാസ്‌കറിനെ കൂടുതല്‍ ജനപ്രിയനാക്കിയത്.
ബാലു വയലിനില്‍ തീര്‍ക്കുന്ന മാന്ത്രികത ആസ്വാദകര്‍ വിസ്മയത്തോടെയാണ് എന്നും നോക്കിയിരുന്നത്. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ വിധി തട്ടിയെടുത്ത ബാലുവിന്റെ ജീവിതം ഇന്നും ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമായി ബാക്കി നില്‍ക്കുകയാണ്.

