ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല, സംസ്ഥാനത്തെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ് (ഒഡിഒപി) പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായും താരത്തെ പ്രഖ്യാപിച്ചു. സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു.
കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു. എല്ലാ ആശംസകളും നേരുന്നുവെന്ന് കങ്കണ മറുപടി നല്‍കി.
അതേസമയം, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള കങ്കണയുടെ തലൈവി എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

