തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു. എം സി ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷപദവിയിൽ നിന്ന് രാജി വച്ച ഒഴിവിലേക്കാണ് സതീദേവിയെ സർക്കാർ നിയമിച്ചത്. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതിനെ തുടർന്നാണ് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവി രാജിവെച്ചത്.
ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണമെന്നും ആ സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന ബോധം എല്ലാവർക്കും വേണമെന്നും സതീദേവി അറിയിച്ചു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി സ്ഥാനമേറ്റ ശേഷമാണ് സതീദേവി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിൽ ഉൾപ്പെടെ സ്ത്രീവിരുദ്ധ സമീപനങ്ങളുണ്ട്. ഇത് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഹരിതയുടെ പരാതിയിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീദേവി വിശദീകരിച്ചു.
പാഠ്യപദ്ധതിയിലടക്കം സ്ത്രീവിരുദ്ധമായ നിലപാടുകളുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും തൊഴിൽ മേഖലയിൽ സ്ത്രീ പുരുഷ തുല്ല്യത ഉറപ്പാക്കുന്ന നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
സി പി എം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സി പി എം നേതാവ് എം ദാസന്റെ ഭാര്യയുമായ സതീദേവി 2004 ൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, ഉത്തര മേഖല ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിൽ സതീദേവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

