ജയ്ഹിന്ദിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജയ്ഹിന്ദിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ച് രമേശ് ചെന്നിത്തല. കെ പി സി സിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനവും കെ കരുണാകരൻ ഫൗണ്ടെഷൻ ചെയർമാൻ സ്ഥാനവും ചെന്നിത്തല രാജിവെച്ചു.

കഴിഞ്ഞ മേയ് 24 നാണ് ചെന്നിത്തല സ്ഥാനങ്ങൾ രാജിവച്ചത്. കെ പി സി സി അദ്ധ്യക്ഷനാണ് ഈ സ്ഥാനങ്ങൾ വഹിക്കേണ്ടതെന്ന് ചെന്നിത്തല വ്യക്തമാക്കി. മുൻ അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാലാണ് താൻ അന്ന് ഈ സ്ഥാനങ്ങളിൽ തുടർന്നതെന്നും ഇപ്പോൾ പുതിയ അദ്ധ്യക്ഷനെത്തിയതിനാലാണ് സ്ഥാനങ്ങളിൽ നിന്നും രാജി വയ്ക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് കെ പി സി സി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം കെ പി സി സിക്കു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സ്വകാര്യ ഏജൻസിയെ കൊണ്ട് ഓഡിറ്റ് നടത്താനും നേതൃത്വം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കാനാണ് കെ പി സി സി നേതൃത്വം നൽകിയ നിർദ്ദേശം.