ഓസിഐ കാര്‍ഡ് പുതുക്കുന്നതില്‍ സുപ്രധാന മാറ്റങ്ങളുമായി സര്‍ക്കാര്‍ !

ന്യൂഡല്‍ഹി: ഒസിഐ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി സര്‍ക്കാര്‍. നേരത്തേ 20 വയസ്സിനു മുന്‍പും 50 വയസ്സുകഴിഞ്ഞവര്‍ക്കും ഓരോ തവണ പാസ്സ്‌പോര്‍ട്ട് പുതുക്കുമ്പോഴും ഓസിഐ കാര്‍ഡ് പുതുക്കേണ്ടതായി വന്നിരുന്നു. പുതിയ നിയമപ്രകാരം ഇനി അതിന്റെ ആവശ്യമില്ല. 20 വയസ്സ് പൂര്‍ത്തിയാകുന്ന നേരത്ത് പുതിയ പാസ്സ്‌പോര്‍ട്ട് നല്‍കുമ്പോള്‍ മാത്രമാണ് ഇനി മുതല്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതായി വരിക.

എന്നാല്‍, 20 വയസ്സുവരെയും 50 വയസ്സുകഴിഞ്ഞും പുതിയ പാസ്സ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പുതിയ പാസ്സ്‌പോര്‍ട്ടും ഏറ്റവും പുതിയ ഫോട്ടോയും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യണം. പുതിയ പാസ്സ്‌പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ ഇത് ചെയ്യേണ്ടതായിട്ടുണ്ട്. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കുന്നതല്ല. അതുപോലെ, ഇന്ത്യന്‍ പൗരന്റെ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ വിദേശ പൗരത്വമുള്ള ഒരു ഒസിഐ കാര്‍ഡ് ഉടമയുടെ ഭാര്യയോ ഭര്‍ത്താവോ ഓരോ തവണ പാസ്സ്‌പോര്‍ട്ട് പുതുക്കുമ്പോഴും പാസ്സ്‌പോര്‍ട്ടും ഏറ്റവും പുതിയ ഫോട്ടോയും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യണം. ഇതോടൊപ്പം വിവാഹബന്ധം ഇപ്പോഴും തുടരുന്നു എന്നതിന്റെ രേഖാമൂലമുള്ള തെളിവും നല്‍കണം.

അതേസമയം, ഒ സി ഐ കാര്‍ഡ് പുതുക്കേണ്ടവര്‍ക്ക് അതിനുള്ള സമയം 2021 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. അതുപോലെ നിലവിലുള്ള ഓ സി ഐ കാര്‍ഡുമായി യാത്ര ചെയ്യേണ്ടവര്‍ക്ക് ഇനിമുതല്‍ പുതിയ പാസ്സ്‌പോര്‍ട്ട് മാത്രം കൂടെകൊണ്ടുപോയാല്‍ മതിയാകും. പഴയ പാസ്സ്‌പൊര്‍ട്ട് കൂടെ കരുതേണ്ടതില്ല. അതുപോലെ മേല്‍വിലാസം മാറുമ്‌ബോഴൊക്കെ ഒ സി ഐ കാര്‍ഡ് പുതുക്കേണ്ടതില്ല. അഡ്രസ്സ് പ്രൂഫ് അപ്ലോഡ് ചെയ്താല്‍ മതിയാകും. എന്നാല്‍ പേരോ, പൗരത്വമോ മാറുകയാണെങ്കില്‍ ഒ സി ഐ കാര്‍ഡ് നിര്‍ബന്ധമായും പുതുക്കണം.