ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചിട്ടില്ല; വാർത്തകൾ നിരസിച്ച് കെ എം ആർ എൽ

കൊച്ചി: കൊച്ചി മെട്രോ എം.ഡിയും മുൻ ഡി.ജി.പിയുമായ ലോക്നാഥ് ബെഹ്‌റ അവധിയിലാണെന്ന വാർത്തകൾ നിരസിച്ച് കെ എം ആർ എൽ. ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് കെഎംആർഎൽ അറിയിച്ചു. ബെഹ്‌റ ഓഫീസിൽ ഉണ്ടെന്നും കെ എം ആർ എൽ വ്യക്തമാക്കി.

ഒക്ടോബർ ഒന്നു മുതൽ നാലുവരെ കട്ടക്കിൽ നടക്കുന്ന ഒഡിഷ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ അഭിമുഖ പാനലിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെ എം ആർ എൽ വിശദമാക്കി.

പുരാവസ്തു വിൽപനയുടെ പേരിൽ കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് ബെഹ്‌റ അടക്കമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി ഓഫീസിൽ വരുന്നില്ലെന്നും അവധിയിലാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഇത് തിരുത്തി കെ എം ആർ എൽ വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. അതേസമയം മോൻസനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് ബെഹ്‌റ ഇതുവരെ പ്രതികരിച്ചിട്ടില്ല.