മെഗാസ്റ്റാറിന്റെ ഹോളിവുഡ് ചിത്രം അണിയറയില്‍ ! ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയമെന്ന് ടി കെ രാജീവ്

തിരുവനന്തപുരം: ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഹോളിവുഡ് സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. താന്‍ അയച്ചു കൊടുത്ത സ്റ്റോറിലൈന്‍ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞതായി ടി കെ രാജീവ് കുമാര്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയാണിതെന്നും ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ആ ചിത്രം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

ഒരു ജര്‍മന്‍ യാത്രക്കിടയില്‍ വച്ചാണ് സിനിമയ്ക്കുള്ള സബ്ജക്ട് കിട്ടിയതെന്നും അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. മാഹി പോലൊരു സ്ഥലത്ത് നിന്ന് വിദേശത്തേക്കു പോയി അവിടെ സ്ഥിരം താമസമാക്കിയ ഒരു കഥാപാത്രമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍.

‘മമ്മൂട്ടി സാറിനോടോ എന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ സാറിനോടോ ഒരു കഥ പറയുമ്പോള്‍ അവര്‍ ഇതുവരെ ചെയ്യാത്ത കഥയോ കഥാപാത്രമോ ആയിരിക്കണം. അവരെപോലെയുള്ള നടന്മാരെ വച്ച് എന്തെങ്കിലുമൊരു സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ, എന്ന് രാജീവ് കുമാര്‍ പറഞ്ഞു.

ചിത്രത്തിലെ നായിക ഒരു ഹോളിവുഡ് അഭിനേത്രിയായിരിക്കുമെന്നും, തന്നെ സംബന്ധിച്ച് വളരെ കൊതിപ്പിക്കുന്ന ഒരു പ്രൊജക്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.