ലക്ഷക്കണക്കിന് മാക്ബുക്കുകള്‍, ഐഫോണുകള്‍, ഗെയിമിങ് കണ്‍സോളുകള്‍, സ്മാര്‍ട്ട് ടിവികള്‍, മറ്റ് സ്മാര്‍ട്ട് ഡിവൈസുകള്‍ തുടങ്ങിയവയില്‍ സെപ്തംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടേക്കാം. സുരക്ഷിതമായ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു നിര്‍ണായക ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാലാണ് ദശലക്ഷക്കണക്കിന് പഴ സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് വ്യാപകമായി ഇന്റര്‍നെറ്റ് പിന്തുണ നഷ്ടപ്പെടുന്നത്.
ഐഡന്റ് ട്രസ്റ്റ് ഡിറ്റിഎസ് റൂട്ട് സിഎ എക്‌സ്3 എന്ന നിലവിലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതോടെ യൂസര്‍മാര്‍ക്ക് അവരുടെ പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് പിന്തുണ നല്‍കുന്ന പുതിയ സര്‍ട്ടിഫിക്കറ്റുകളുടെ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. അതോടെ, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് വിഡിയോ കാണുന്നതും ഇമെയില്‍ അയക്കുന്നതും പോലുള്ള ഇന്റര്‍നെറ്റ് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനാവാതെ വരും.
സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നത് കൂടുതലായും ബാധിക്കാന്‍ പോകുന്ന സ്മാര്‍ട്ട് ഡിവൈസുകള്‍ പഴയ മാക്ബുക്കുകള്‍, ഐഫോണുകള്‍, പ്ലേസ്റ്റേഷന്‍ 3 കണ്‍സോളുകള്‍ എന്നിവയാണ്. പ്രത്യേകിച്ച്, ഐഒഎസ്10 -ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും മാക് ഒഎസ് 2016, വിന്‍ഡോസ് എക്‌സ്പി എന്നിവയുടെ പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും പ്രശ്‌നങ്ങള്‍ നേരിടും. പഴയ സ്മാര്‍ട്ട് ടിവികളെയും സെറ്റ്-ടോപ്പ് ബോക്‌സുകളെയും, പുതിയ ഫേംവെയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്ത പഴയ പ്ലേസ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നേരിടാം. പഴയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുകയല്ലാതെ രക്ഷയില്ല.

