കോണ്‍ഗ്രസ് വിടുന്നു, ബിജെപിയില്‍ ചേരില്ലെന്നും അമരിന്ദര്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അമരിന്ദര്‍ സിങ്. പാര്‍ട്ടിയില്‍ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്നും അമരിന്ദര്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സൂചനകള്‍ക്കിടെ അദ്ദേഹം ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഡോവലുമായി പഞ്ചാബിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം 18-ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദര്‍ ചൊവ്വാഴ്ച വൈകീട്ടാണ് ഡല്‍ഹിയിലെത്തിയത്. ഏതെങ്കിലും രാഷ്ട്രീയനേതാക്കളെ കാണാനല്ലെന്നും മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ കപൂര്‍ത്തല ഹൗസ് പുതിയ മുഖ്യമന്ത്രിക്കായി ഒഴിഞ്ഞുകൊടുക്കാനാണ് എത്തിയതെന്നുമായിരുന്നു അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം അമിത് ഷായുടെ വീട്ടിലെത്തുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിരന്തരമായി അവഹേളനം നേരിടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഒട്ടേറെ രാഷ്ട്രീയ സാധ്യതകള്‍ മുന്നിലുണ്ടെന്ന് രാജിവച്ചതിനു ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ, പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.

മാത്രമല്ല, പഞ്ചാബിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ജി-23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രസിഡന്റില്ല. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ല.

എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശം ഉന്നയിച്ച് സിബല്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.