തിരുവനന്തപുരം: വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ നഷ്ടം മറികടക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോർട്ട്.
സാധാരണക്കാരെയും തീരുമാനം ബാധിക്കുമെന്നാണ് വിവരം. നിലവിൽ ഉപയോഗിച്ച ശേഷമാണ് വൈദ്യുതിക്ക് പണം അടയ്ക്കുന്നതെങ്കിൽ ഇനിമുതൽ അത് പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ പോലെയായിരിക്കും. നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്‌തെന്ന പോലെ വൈദ്യുതി ഉപയോഗിക്കുന്ന രീതിയായിരിക്കും ഇനി ഉണ്ടാകുക.പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ വൈദ്യുതി ബിൽ കുടിശിക താനേ ഇല്ലാതാകുംകയും ചെയ്യും.
പ്രീപെയ്ഡ് മൊബൈൽ കണക്ഷനിൽ ബാലൻസ് ഇല്ലെങ്കിൽ സേവനം ലഭിക്കില്ലെന്നത് പോലെ ഈ പ്രീപെയ്ഡ് സ്മാർട് മീറ്ററിൽ പണമില്ലെങ്കിൽ ഉപഭോക്താവിന് വൈദ്യുതി ലഭിക്കില്ല. 2019-20 സാമ്പത്തിക വർഷം 25 ശതമാനത്തിലധികം പ്രസരണ-വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുമ്പ് എല്ലാ ഉപഭോക്താക്കൾക്കും സ്മാർട് മീറ്റർ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം.
കേരളത്തിന്റെ 2019-20 കാലത്തെ പ്രസരണ – വിതരണ നഷ്ടം ഒൻപത് ശതമാനം മാത്രമാണ്. അതിനാൽ 2025 മാർച്ചിന് മുമ്പ് മാത്രം കേരളത്തിൽ പൂർണമായി സ്മാർട് മീറ്റർ ഘടിപ്പിച്ചാൽ മതി. ആദ്യ ഘട്ടത്തിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രീ പെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കും. സംസ്ഥാന വൈദ്യതി ബോർഡിന് വാട്ടർ അതോറിറ്റിയിൽ നിന്നടക്കം കോടികളുടെ വൈദ്യുതി ബിൽ കുടശ്ശികയാണുള്ളത്. പ്രീപെയ്ഡ് സ്മാർട് മീറ്റർ വരുന്നതോടെ ഇവർക്ക് പോലും അക്കൗണ്ടിൽ പണമില്ലെങ്കിൽ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകും.
ഗാർഹിക ഉപഭോക്താക്കൾക്ക് അടുത്ത ഘട്ടത്തിൽ സ്മാർട് മീറ്ററുകൾ നൽകും. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയിൽ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾക്കും അനുമതിയുണ്ട്. സ്മാർട് മീറ്റർ വരുന്നതോടെ ഓരോ മേഖലയിലെയും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാം. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് സ്മാർട് മീറ്റർ സംവിധാനമെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

