കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന്റൈ തെളിവെടുപ്പ് പുരോഗമിക്കുന്നു. മോൺസനെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ചു ശബ്ദ സാംപിളുകൾ ശേഖരിച്ചു. ഇയാൾക്കെതിരെ പ്രതികൾ സമർപ്പിച്ചിട്ടുള്ള തെളിവുകൾ ഏറെയും ശബ്ദ റെക്കോർഡുകളും വിഡിയോകളുമായതിനാലാണ് സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദ സാമ്പിളുകൾ ശേഖരിച്ചത്. വരും ദിവസങ്ങളിൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ ഇവ യഥാർഥമാണോ എന്ന് ഉറപ്പു വരുത്തുന്നതിനാണ് പ്രതിയുടെ ശബ്ദ സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചത്.
ഇന്ന് തന്നെ മോൺസനെ പരമാവധി സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നത്. മോൺസനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പു നടത്തുന്നതിനുമായി പ്രതിയെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
തന്റെ കൈവശമുള്ള പുരാവസ്തുക്കൾ വ്യാജമാണെന്നു മോൺസൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പണം വാങ്ങിയത് ഇതുവരെ സമ്മതിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയുടെ തുകയുടെ കാര്യത്തിൽ മാത്രമാണ് കുറ്റസമ്മതം നടത്തിയിട്ടുള്ളത്. വലിയ തുക ഇയാൾ കൈവശപ്പെടുത്തി എന്നു പറയുമ്പോഴും അക്കൗണ്ടുകളിൽ കാര്യമായ നിക്ഷേപങ്ങൾ ഇല്ല. വീടുകളിൽ നടത്തിയ പരിശോധനകളിലും പണം കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. ഇയാളുമായി അടുപ്പമുണ്ടായിരുന്ന ആളുകളുടെ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനിടെ മോൺസണെതിരെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ചില പരാതികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തനിക്കു ലഭിച്ച പണം ആഡംബര ആവശ്യങ്ങൾക്കു വേണ്ടി ചെലവഴിച്ചിരുന്നു എന്ന് അന്വേഷണ സംഘത്തോടു മോൺസൻ വെളിപ്പെടുത്തിയത്.
കയ്യിലിൽ നയാപൈസയില്ല പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൺസന്റെ മൊഴി. എട്ടു മാസമായി വാടക നൽകിയിട്ടില്ല. അക്കൗണ്ടിലുള്ളത് 200 രൂപ മാത്രമാണ്. പണം ഉപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങി. തട്ടിപ്പുപണം കൊണ്ട് പളളിപ്പെരുന്നാൾ നടത്തിയെന്നും ഇതിനായി ഒന്നര കോടി രൂപ ചെലവായെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. വീട്ടുവാടക മാസം 50,000 രൂപയും വൈദ്യുതി ബിൽ ശരാശരി പ്രതിമാസം 30,000 രൂപയും ബൗൺസർമാർക്ക് ശമ്പളമുൾപ്പെടെ സുരക്ഷയ്ക്ക് 25 ലക്ഷം രൂപയും ചെലവാകും. തട്ടിപ്പുപണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും മോൺസൻ പറയുന്നു. അതേസമയം ഇയാളുടെ വീട്ടിൽ ഏഴു വാഹനങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഒരെണ്ണത്തിന്റെ റജിസ്ട്രേഷൻ മാത്രമാണ് വെബ്സൈറ്റിൽ ലഭ്യമാകുന്നതെന്നും ഇയാൾ ഫെരാരി എന്ന പേരിൽ ഉപയോഗിച്ച വാഹനം രൂപമാറ്റം വരുത്തിയതാണെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.