സ്വര്‍ണത്തിലെ നികുതിവെട്ടിപ്പ്; കടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് തയ്യാറെടുത്ത് ഇന്റലിജന്‍സ്

കോഴിക്കോട്: സ്വര്‍ണ നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ചരക്കുസേവന നികുതി വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്ത് വന്‍ തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടു പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വെട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇതോടെയാണു സ്വര്‍ണത്തിലെ നികുതിവെട്ടിപ്പു തടയാന്‍ ഇന്റലിജന്‍സ് വിഭാഗം വീണ്ടും സജീവമായത്.

നികുതി വെട്ടിക്കുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയ വഴി തേടുകയാണ് ഇന്റലിജന്‍സ് വിഭാഗം. അനലിറ്റിക്‌സ് പോര്‍ട്ടലിന്റെ സഹായത്തോടെ ഡാറ്റ അനാലിസിസ് നടത്തി സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയാണു ചെയ്യുന്നത്. ജിഎസ്ടി റിട്ടേണ്‍, ഹാള്‍മാര്‍ക്കിങ് സ്ഥാപനങ്ങള്‍, കടകളിലേക്കു സ്വര്‍ണം എത്തിക്കുന്ന സപ്ലൈ ചെയിന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങള്‍ അനാലിസിസ് നടത്തി ഓരോ സ്ഥാപനത്തിനും ഏകദേശം എത്ര വിറ്റുവരവുണ്ടെന്നു നിജപ്പെടുത്തുന്നുണ്ട്.

നിശ്ചയിച്ച ബെഞ്ച് മാര്‍ക്കിനേക്കാള്‍ ഏറെ കുറഞ്ഞ രീതിയില്‍ വ്യാപാരം കാണിക്കുന്ന കടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കാണ് ഇന്റലിജന്‍സ് വിഭാഗം തയാറെടുക്കുന്നത്. ഡാറ്റാ അനാലിസിസ് വഴി ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡിലേക്കു കൈമാറി മിന്നല്‍ പരിശോധനകള്‍ നടത്തും.

മാത്രമല്ല, സംശയാസ്പദമായ സ്വര്‍ണ്ണക്കടകള്‍ക്കു മുന്‍പിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കു മുന്‍പിലും രഹസ്യ നിരീക്ഷണത്തിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധനകള്‍ കര്‍ശനമാക്കുകയാണ്.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് നൂറ്റമ്പതോളം കേസാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 കോടിയോളം രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്.