കൊച്ചി: മോന്സണ് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രനും പങ്കുണ്ടെന്നു പരാതി. 25 ലക്ഷം രൂപ മോന്‍സണു നല്‍കിയത് സുരേന്ദ്രന്റെ വീട്ടില്വച്ചാണെന്ന് പരാതിക്കാരിലൊരാളായ യാക്കൂബ് പറഞ്ഞു. തന്റെ ചില സംശയങ്ങള്‍ മോണ്സണ് തീര്‍ത്തത് സുരേന്ദ്രനെ കൊണ്ട് സംസാരിപ്പിച്ചാണെന്നും യാക്കൂബ് പറയുന്നു.
പണം വാങ്ങിയത് തിരികെ ചോദിക്കുമ്പോള്‍ ഉന്നത ബന്ധങ്ങള്‍ കാട്ടിയാണ് മോന്സണ് അവരെ വിശ്വസിപ്പിച്ചിരുന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നില്ക്കുന്ന ചിത്രങ്ങള്‍ അടക്കം നേരത്തേ പുറത്തുവന്നിരുന്നു. സുരേന്ദ്രന്റെ വാഹനം മോന്‍സണിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. ചിലപ്പോള്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഈ വാഹനം അവിടെ നിര്‍ത്തിയിടാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2019 ജൂണില്‍ 2.30 കോടി രൂപ അടിയന്തരമായി പരാതിക്കാരില്‍നിന്ന് മോന്സണ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ കൊടുക്കാന്‍ തയാറായില്ല. കൊടുക്കാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോഴാണ് യാക്കൂബിനെ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍ നേരിട്ട് കൊണ്ടുപോകുകയും സംസാരിപ്പിക്കുകയും ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഡിഐജിയെക്കൊണ്ട് സംസാരിപ്പിച്ച് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ യാക്കൂബ് മോന്‍സണു നല്‍കിയെന്നുമാണു പരാതിയില്‍ വിശദീകരിച്ചിരിക്കുന്നത്.

