തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുക്കാനുള്ളതെന്നും, കോവിഡ് വര്‍ധനവ് കുറഞ്ഞു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ എട്ടുശതമാനം കുറവു വന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ അഞ്ചുശതമാനം കുറഞ്ഞു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്. നിലവില്‍ സംസ്ഥാനത്തെ ആര്‍ ഫാക്റ്റര്‍ 0.94 ആണ്. ആര്‍ ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞു വരുന്നുവെന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര്‍ ഫാക്ടര്‍ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആര്‍ ഫാക്റ്റര്‍ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആര്‍ ഫാക്റ്റര്‍.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഗുരുതര കേസുകളും കുറയുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്താല്‍ 6.7 ശതമാനം കുറവ് അക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പേക്കണ്ടിവരുന്ന രോഗികളില്‍ 52.7 ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരാണ്. കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചത്. മരിച്ചവരില്‍ 26.3 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരും, 7.9 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.