കോഴിക്കോട് പ്രളയ ഫണ്ട് തട്ടിപ്പ്; വകമാറ്റിയത് ലക്ഷങ്ങള്‍, അടിയന്തിര സഹായം ഇനിയും ലഭിക്കാത്തവര്‍ ആയിരക്കണക്കിന്

കോഴിക്കോട്: കോഴിക്കോട് പ്രളയ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പ്രളയബാധിതര്‍. കോഴിക്കോട് താലൂക്കില്‍ മാത്രം ആയിരത്തിലധികം പേര്‍ക്കാണ് അടിയന്തര സഹായം ലഭിക്കാനുള്ളത്. ഒരുകോടി പതിനേഴ് ലക്ഷം രൂപയാണ് വിതരണം ചെയ്യാതെ ട്രഷറി അക്കൗണ്ടില്‍ കിടക്കുന്നതെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.

പ്രളയത്തില്‍ വീടിനകത്ത് മുട്ടറ്റം വെള്ളം കയറി ദിവസങ്ങളോളം ദുരന്തത്തിന് ഇരയായവരാണ് മാവൂര്‍ പാറക്കല്‍ സ്വദേശി ഉണ്ണിമൊയ്തീനും കുടുംബവും. അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിക്കാനായി ഭാര്യ സജ്‌നയടക്കം സര്‍ക്കാര്‍ ഓഫീസുകള്‍ നിരന്തരം കയറിയിറങ്ങി, മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കി കാത്തിരുന്നു പക്ഷേ പണം ഇതുവരെ ലഭിച്ചിട്ടില്ല.

2018ലും 2019ലുമുണ്ടായ പ്രളയങ്ങളില്‍ കനത്ത നാശമുണ്ടായ കോഴിക്കോട് താലൂക്കിലെ പല കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായം ഇനിയും കിട്ടിയിട്ടില്ല. ഇവര്‍ക്കായി അനുവദിച്ച തുകയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ വകമാറ്റിയത്.