തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകാന്‍ സമയം വീണ്ടും നീട്ടി നല്‍കണമെന്ന് അദാനി ഗ്രൂപ്പ്. 2024ല്‍ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുകയുള്ളൂവെന്നും അതു വരെ സമയം നീട്ടി നല്‍കണമെന്നുമാണ് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാം എന്ന് അദാനി ഗ്രൂപ്പ് ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയം കൊണ്ടും പണി പൂര്‍ത്തിയാകാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ അദാനി ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ പണി നീളാന്‍ പ്രധാന കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍, റോഡ് കണക്ടിവിറ്റി വളരെ വൈകിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. പദ്ധതി പ്രദേശത്തിന്റെ അതിര്‍ത്തി മതില്‍ പൂര്‍ത്തിയാക്കാനും സമയം കൂടുതല്‍ എടുത്തു. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഉണ്ടായി. ഇതെല്ലാം കാരണമാണ് പണി മുന്നോട്ടു പോകാത്തതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. 3100 മീറ്റര്‍ പുലിമുട്ടാണ് വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമുള്ളത്. എന്നാല്‍ ഇതുവരെയായും വെറും 850 മീറ്റര്‍ പുലിമുട്ടാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
2015ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി നല്‍കിയിരുന്ന ഉറപ്പ്. ഈ ഉറപ്പ് അനുസരിച്ച് 2019 ഡിസംബര്‍ മൂന്നിന് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകണമായിരുന്നു. കരാര്‍ അനുസരിച്ച് 2019 ഡിസംബര്‍ മൂന്നിന് പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത് മൂന്ന് മാസത്തേക്ക് കൂടി നഷ്ടപരിഹാരം ഒന്നും കൂടാതെ അദാനിക്ക് കരാര്‍ നീട്ടിനല്‍കാം. അതിനു ശേഷവും പണി പൂര്‍ത്തിയായില്ലെങ്കില്‍ അധികം എടുക്കുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വച്ച് അദാനി സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കണം.

